Sunday, January 20, 2008

ഒറ്റമൂലികളെ കുറിച്ചു്

ഒറ്റമൂലികളെ കുറിച്ചുള്ള പോസ്റ്റ്‌ കണ്ടു
അതിന്

ഡോ.സൂരജിന്റെ മറുപടിയും
കണ്ടു.
ഇനി ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത്‌ ഒരു അടിയാകും എന്നു വിചാരിക്കേണ്ട. ഒരു സമന്വയം സമൂഹത്തിന്‌ ഗുണകരമാകുമോ എന്ന രീതിയില്‍ ചിന്തിക്കുവാന്‍ തോന്നി. അതിനു ചിലകാര്യങ്ങള്‍.

1. ഡോ സൂരജ്‌ പറഞ്ഞതിലെ ഒരു വാചകം - ഇന്നത്തെ automated investigation Reports തെറ്റുകള്‍ അസാധാരണമല്ല എന്നത്‌ ശ്രദ്ധിച്ചോ?അതു കഴിഞ്ഞ്‌ തിരുവന്തപുരത്തെ ഔ ആശുപത്രിയില്‍ platelet transfusion വഴി കാശുണ്ടായ കണക്കും സൂചിപ്പിച്ചത്‌ ശ്രദ്ധിച്ചോ?

"* * പല അവസരത്തിലും ഈ ഒരു മാര്‍ജിന്‍ മുതലെടുത്ത് വന്‍ കിട ആശുപത്രികള്‍ ആവശ്യത്തിനും അനാവശ്യത്തിനും പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ നിര്‍ദ്ദേശിക്കാറുണ്ട് എന്നതും ഒരു സത്യമാണ്. തിരുവനന്തപുരത്തെ ഒരു ഫൈവ് സ്റ്റാര്‍ ആശുപത്രി 2005ലെ ഡെങ്കിപ്പനിക്കാലത്ത് പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ വഴിയുണ്ടാക്കിയ കാശുമാത്രം മതി അവരുടെ ബ്ലഡ് സെപ്പറെറ്ററുടെ മുതല്‍മുടക്ക് വസൂലാവാന്‍ !"

അപ്പോള്‍ ഇങ്ങനെ തെറ്റാവുന്നതാണ്‌ automated Investigation എന്ന്‌ ഇവര്‍ ഇതുപോലൊരു വേദിയിലല്ലാതെ സമ്മതിക്കുന്നുണ്ടോ?അതോ അതിനു പകരം ആ തെറ്റുകള്‍ തങ്ങള്‍ക്ക്‌ എങ്ങനെ വരുമാനമര്‍ഗ്ഗമാക്കാം എന്നല്ലെ നോക്കുന്നത്‌?അങ്ങനെ ആണെങ്കില്‍ ഇതുപോലൊരു സാദ്ധ്യത എവിടെ നിന്നെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ ഡോ സൂരജിനെ പോലെ ഉള്ളവര്‍ അതിനെ വളരെ ശ്രദ്ധയോടു കൂടി പഠിച്ച്‌, അതില്‍ വസ്തുത ഉണ്ടെങ്കില്‍ അതെങ്ങിനെ മാനവരശിക്ക്‌ ഉപകാരപ്രദമാക്കാം എന്നറിയാനല്ലേ ശ്രമിക്കേണ്ടത്‌?

ഞാന്‍ മുമ്പ്‌ രണ്ടു രോഗികളുടെ വിവരണങ്ങള്‍ തന്നതും ഇതേപോലെ തന്നെ ആലോചിക്കുക. അവര്‍ എനിക്കു വേണ്ടപെട്ടവര്‍ ആയിരുന്നതു കൊണ്ട്‌, അവിടെ പറയുന്ന വിവരങ്ങള്‍ എന്നോട്‌ ഫോണില്‍ അറിയിച്ചു തന്നു. അതിനു സൗകര്യമില്ലാത്ത ഒരു സാധു ആണെങ്കില്‍ അവര്‍ക്കെന്തായിരിക്കും സംഭവിക്കുമായിരികുക? ആവശ്യമില്ലാത്ത ചികില്‍സകള്‍ക്ക്‌ അവര്‍ വശംവദരാകുമായിരുന്നില്ലേ? അതില്‍ അവര്‍ക്ക്‌ എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ അന്നേരം ആരുത്തരം പറയും?

അപ്പോള്‍ ഇതുപോലെ ഉള്ള എന്തെങ്കിലുമൊക്കെ വിവരങ്ങള്‍ ആരെങ്കിലും വെളിപ്പെടുത്തുമ്പോള്‍ അത്‌ പുതിയ തലമുറ വേണ്ട ഗൗരവത്തോടെ നോക്കിക്കാണണം എന്നാണ്‌ എനിക്കു പറയുവാനുള്ളത്‌.

platelet synthesis ന്റെ നീണ്ട വഴിയില്‍ എവിടെയാണ്‌ തകരാറ്‌, എന്നറിയാത്തതും, പറഞ്ഞ മരുന്ന്‌ ഏതു ഭാഗത്താണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നറിയാത്തതും ആ മരുന്നിന്റെ ഉപയോഗം നിഷ്ഫലമാണെന്നു വാദിക്കുവാന്‍ മതിയായ കാരണങ്ങളല്ല.

മുന്‍പൊക്കെ വളരെ ചെറിയ പ്രായത്തില്‍ മരിച്ചു പോയിരുന്ന രോഗികളുടെ ആയുഷ്കാലം നീട്ടിക്കൊടുക്കുവാന്‍ സഹായിക്കുന്ന Insulin ഒരു ഒറ്റമൂലിയുടെ രൂപത്തിലല്ലെ Diabetes Mellitus രോഗികളില്‍ പ്രവര്‍ത്തിക്കുന്നത്‌? അതിനര്‍ത്ഥം ആ രോഗം മുഴുവന്‍ ഇന്‍സുലിന്‍ സുഖപ്പെടുത്തുന്നു എന്നല്ലല്ലൊ.നമുക്കിന്നും ആ രോഗത്തിനെ പറ്റി വേണ്ടത്ര അറിവൊട്ടില്ല താനും. nephropathy, Neuropathy, Retinopathy, തുടങ്ങി അനേകമനേകം പതികളെല്ലാം മറനീക്കി പുറത്തുവന്നതും insulin ന്റെ സാമര്‍ത്ഥ്യം കാരണം ജീവന്‍ നീട്ടിക്കിട്ടിയതുകൊണ്ടല്ലേ? പക്ഷെ ഇവ വന്നതുകൊണ്ട്‌ നാം ഇന്‍സുലിന്റെ മാഹാത്മ്യം കുറച്ചു കാണുന്നുണ്ടോ?

അതല്ലെങ്കില്‍ മലേറിയ ഉദാഹരണം എടുക്കാം. പലതരം മലേറിയകളില്‍ ലക്ഷണസമൂഹങ്ങള്‍ പോലും വ്യത്യസ്തമാകുന്നില്ലേ. പക്ഷേ കൊടുക്കുന്ന മരുന്നോ? അടിസ്ഥാനകാരണത്തെ അടക്കുവാന്‍ സാധിക്കുന്ന ഒരു ഘടകം ഉണ്ടെങ്കില്‍ രോഗം മാറും എന്നല്ലേ മനസ്സിലാക്കേണ്ടത്‌?

എന്നതുപോലെ മേല്‍പറഞ്ഞ പപ്പായ ഇലനീരില്‍ അതിനുതകുന്ന ഏതെങ്കിലും ഒരു വസ്തു ഉണ്ടെങ്കില്‍ അതിനെ കൂടുതല്‍ പ്രയോജനപ്രദമായി എങ്ങനെ ഉപയോഗികാം എന്ന്‌ പരിശോധിക്കുവാനല്ലെ യുവതലമുറ ശ്രമിക്കേണ്ടത്‌?

2. ഒറ്റമൂലികളെന്ന സങ്കല്‍പം. ഏതെങ്കിലും ഒരു മരുന്നു കൊടുത്ത്‌ ഏതെങ്കിലും ഒരു പ്രത്യേക രോഗം ആരിലായാലും ചികില്‍സിച്ചുമാറ്റാം എന്ന്‌ ആയുര്‍വേദം പറയുന്നില്ല - അത്‌ സാധിക്കില്ല എന്ന്‌ പറയുന്നുമുണ്ട്‌- കാരണം ഓരോരുത്തരിലും ഉണ്ടാകുന്ന രോഗങ്ങള്‍ വ്യത്യസ്തങ്ങളാണ്‌ - ഓരോരുത്തരിലുമുണ്ടാകുന്ന രോഗങ്ങള്‍ unique അയിരിക്കും അവയെ സാമാന്യവല്‍ക്കരിക്കുവാന്‍ സാധിക്കില്ല എന്ന്‌ ആയുര്‍വേദശാസ്ത്രം.

എന്നാല്‍ മഞ്ഞപ്പിത്തം പോലെയുള്ള അവസ്ഥകള്‍ എങ്ങനെ ചികില്‍സിക്കുന്നു എന്നു നോക്കുക-

(Ref Surgical Jaundice അതായത്‌ പിത്തനാളിയിലുണ്ടാകുന്ന തടസ്സം - )

"തിലപിഷ്ടനിഭം യസ്തു കാമിലാവാന്‍ സൃജേന്മലം
കഹരുദ്ധപഥം തസ്യ പിത്തം കഫഹരൈര്‍ജയേത്‌ "

എന്നൊരു ശ്ലോകമുണ്ട്‌എള്ളരച്ച നിറത്തില്‍ മലം കണ്ടാല്‍ ആ കാമിലാരോഗിയുടെ പിത്തമൊഴുകുന്ന വഴി കഫത്താല്‍ തടയപ്പെട്ടതാണെന്നു കണ്ട്‌ അതിന്‌ കഹഹരമായ ചികില്‍സനല്‍കണം എന്നാണ്‌ ആ വരികളുടെ അര്‍ത്ഥം.സാധാരണ മലത്തിന്‌ മഞ്ഞ നിറം വരുന്നത്‌ പിത്തത്തിന്റെ പ്രവര്‍ത്തനം കൊണ്ടാണ്‌. ആ നിറം മാറുന്നു വെളുത്തനിറത്തില്‍ മലം പോകുന്നു- Obstructive Jaundice ല്‍.എന്നാല്‍ ഈ നിറഭേദം Infective hepatitis ന്റെ Intrahepatic Obstructive phase ലും ഉണ്ടകും.

അപ്പോള്‍ ഇതിനൊക്കെ ഏതൊക്കെ സമയത്ത്‌ ഏതൊക്കെ ചികില്‍സ വേണം എന്ന്‌ വിശദമായി തന്നെ പറയുന്നുണ്ട്‌ ആയുര്‍വേദം.പക്ഷെ സാധാരണ കാണുന്ന viral Hepatitis ആദ്യം തന്നെ ആശുപത്രി പരിശോധന നടത്തി, അത്‌ viral Hepatitis ആണ്‌ എന്ന്‌ ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട്‌ ചികില്‍സ ആവശ്യമില്ല എന്ന രീതിയില്‍ ഒരു പ്രസ്താവന ഡോ സൂരജ്‌ എഴുതിക്കണ്ടു - അത്‌ ചികില്‍സ ഇല്ലാതെ തന്നെ ഭേദമാകുന്നതാണ്‌ എന്ന്‌.ഇതില്‍ എനിക്കൊരു അഭിപ്രായവ്യത്യാസം ഉണ്ട്‌. ഏതാണ്‌ 27- 28 mg/dl Serum Total bilirubin ഉള്ള രോഗികളും ഒരാഴ്ച കൊണ്ട്‌ Normal ആകുന്നത്‌ അന്നുഭവമാണ്‌. അത്രയും വേഗത്തില്‍ ഭേദപ്പെടും എങ്കില്‍ അതിന്‌ ഒരു ഫലവുമില്ല എന്നു തീരുമാനിക്കുന്നത്‌ ബുദ്ധിമോശമാണ്‌ഈ എഴുതിയതിനെ positive ആയികാണും എന്ന പ്രതീക്ഷയോടെ

12 Comments:

Blogger N.J ജോജൂ said...

പോസ്റ്റ് ആരും കണ്ടില്ലേ...അതോ കമന്റാത്തതു മാത്രമാണോ?

9:23 PM  
Blogger അനംഗാരി said...

ഈ പോസ്റ്റ് നന്നായി.ഡോ.സൂരജ് തികച്ചും നിരുത്തരവാദപരമായാണ് കാര്യങ്ങളെ നോക്കിക്കാണുന്നതും പ്രതികരിക്കുന്നതും.ഒരു പക്ഷെ പ്രായത്തിന്റേയോ അനുഭവത്തിന്റെ അഭാവമോ ആകണം.എന്തിനേയും വിമര്‍ശിക്കുക എന്നതല്ല,മറിച്ച് അതിന്റെ കാര്യകാരണ സഹിതം വിശദീകരിക്കുക എന്നതാണ് പ്രധാനം.വെടക്കാക്കി തനിക്കാക്കുക എന്നൊരു ചൊല്ലുണ്ട്:)
ആംഗലേയ ചികിത്സയാണ് എല്ലാത്തിനും ഫലപ്രദം എന്നത് തന്നെ ശരിയായ രീതിയല്ലല്ലൊ?

10:02 PM  
Blogger വേണു venu said...

ഒറ്റമൂലികളെ അന്വേഷണങ്ങളോ പഠനങ്ങളോ ‍ നടത്താതെ അന്ധവിശ്വാസമെന്നും അപരിഷ്കൃതമെന്നും മുദ്ര കുത്തി കാര്യകാരണങ്ങള്‍‍ പറയാതെ കൊഞ്ഞനം കുത്തുന്നതിനോടെനിക്ക് യോജിപ്പില്ല.
ലേഖനം ഇഷ്ടപ്പെട്ടു.

12:10 AM  
Blogger സൂരജ് said...

പ്രിയ പണിക്കര്‍ സര്‍,

ആ പോസ്റ്റിനെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം അതിന്റെ എല്ലാ ഗൌരവത്തോടെയും ഉള്‍ക്കൊള്ളുന്നു.

ഒറ്റമൂലിചികിത്സ എന്ന കണ്‍സെപ്റ്റിന്റെ ശാസ്ത്രീയതയാണ് എന്റെ ലേഖനത്തിന്റെ വിഷയം എന്ന് അങ്ങ് മനസ്സിലാക്കിയെന്നു കരുതുന്നു.

എന്റെ ബ്ലോഗിലെ മുന്‍ ലേഖനങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ലേഖനവും ഒരു ‘ആന്റീ-ആയുര്‍വേദ പ്രോപ്പഗാണ്ട’യായി കാണാനിടയാകുമെന്ന് കരുതിയിരുന്നു. അതുകൊണ്ടാണ് “ ഞാന്‍ മനസ്സിലാക്കിയിടത്തോളം ആയുര്‍വേദം (തത്വങ്ങള്‍ എന്തായിരുന്നാലും,എന്തൊക്കെ മുരടിപ്പുണ്ടെങ്കിലും) വളരെ സിസ്റ്റമാറ്റിക്ക് ആയി വികസിപ്പിക്കപ്പെട്ട ഒരു സങ്കേതം ആണ്. അവര്‍ പോലും ഇത്തരം ഒറ്റമൂലി പ്രയോഗങ്ങളെ അശാസ്ത്രീയം എന്നേ വിളിക്കൂ. തീര്‍ച്ച.” എന്ന് അവിടെത്തന്നെ ഒരു കമന്റിനു മറുപടിയായി എഴുതിയത് .

ഇവിടെ വേണു ജി പറയും പോലെ ഒറ്റമൂലിയെ കാര്യകാരണങ്ങളില്ലാതെയൊന്നുമല്ല എതിര്‍ത്തിട്ടുള്ളത് - എന്റെ ബ്ലോഗിലെ പോസ്റ്റിലും, തുടര്‍ന്നു കമന്റുകളിലുമായി വിശദമായി തന്നെയാ‍ണ് പപ്പായ ഒറ്റമൂലിയുടെ ശാസ്ത്രീയതയെ വിമര്‍ശിച്ചിട്ടുള്ളത്..സമയം /സൌകര്യമുണ്ടെങ്കില്‍ സ്വന്തമായി അല്പം ശരീരശാസ്ത്രം വായിച്ചിട്ട്, ആ വാദങ്ങളെ ഖണ്ഡിക്കാന്‍ ഞാന്‍ വേണു ജീയെയും അനംഗാരി ജീയെയും ക്ഷണിക്കുന്നു.

വൈറല്‍ ഇന്‍ഫക്ഷനും ത്രോമ്പോസൈറ്റോപീനിയയും പോലുള്ള Multifactorialഉം Multidimensionalഉം സങ്കീര്‍ണ്ണമായ pathogenesis ഉം ഉള്ള രോഗാവസ്ഥകള്‍ക്ക് ഒറ്റരാത്രികൊണ്ടൊക്കെ ക്ഷിപ്രഫലം തരാന്‍ കഴിവുള്ള ഒറ്റമൂലികള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഇതിന്റെയൊക്കെ മെക്കാനിസത്തെക്കുറിച്ച് അല്പമെങ്കിലും അറിയാവുന്നവര്‍ സംശയാലുക്കളാകും. അത്രയേ ഞാനും ചെയ്തുള്ളൂ എന്നുതന്നെയാണ് എന്റെ വിശ്വാസം - അതു പ്രായത്തിന്റെ ഇളക്കമാണ് എന്ന് അനംഗാരിക്കും മറ്റും തോന്നുന്നെങ്കില്‍ സന്തോഷം- ആ ‘ഇളക്കവും എടുത്തു ചാട്ടവും എണ്‍പതാം വയസ്സുവരെയും എന്റെ കൂടെ വേണേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കും ഹ ഹ ഹ!

പണിക്കര്‍ സര്‍ പറഞ്ഞ കാര്യങ്ങളിലേക്കു വരാം:

1. Automated ആയ ലാബ് റിസള്‍ട്ടുകള്‍ തെറ്റുന്നതിനെ മുതലെടുത്തും വേണ്ടാത്ത ചികിത്സകള്‍ സന്ദര്‍ഭം നോക്കാതെ കൊടുത്തും തന്നെയാണ് നാട്ടിലെ പല നക്ഷത്ര ആശുപത്രികളും പിഴയ്ക്കുന്നതും കോടികള്‍ വാരുന്നതും - അതെത്രയോ വട്ടം നമ്മള്‍ രണ്ടുപേരും പോസ്റ്റിട്ടും കമന്റിട്ടും പറഞ്ഞകഥ !

( പോസ്റ്റില്‍ അതെഴുതിയപ്പോള്‍ ഫോണ്ട് ചെറുതായിപ്പൊയി, ആരും ശ്രദ്ധിച്ചുമില്ല - അത് അങ്ങ് ഇവിടെ ചര്‍ച്ചയ്ക്കുവചതിനു വളരെ നന്ദി.)

ഇനി അഥവാ പ്ലേറ്റ് ലെറ്റ് കൌണ്ട് കുറഞ്ഞുവെന്നു ലാബ് റിസള്‍ട്ടില്‍ കാണുന്നു എന്നിരിക്കട്ടെ, എന്നാലും രോഗി ഉടന്‍ ബ്ലീഡ് ചെയ്യുമോയെന്നറിയാനുള്ള ഒരു bed-side പൊടി വിദ്യ ഡോക്ടര്‍മാര്‍ക്ക് മൂന്നാം വര്‍ഷ എം.ബി.ബി.എസ് മുതല്‍ പറഞ്ഞു തരുന്നുണ്ടല്ലോ - ബീ‍.പീ കഫ് എടുത്ത് രോഗിയുടെ കൈയ്യേല്‍ക്കെട്ടിയിട്ട് purpuric spots എണ്ണിനോക്കാനുള്ള സാധാരണക്കാരന്റെ കോമണ്‍ സെന്‍സ് വിദ്യ ! അതു പോലും ചെയ്തു നോക്കാതെ കൊണ്ട് വാ പ്ലേറ്റ്ലെറ്റ്, കൊണ്ട് വാ ബ്ലഡ് എന്ന് വിളിച്ചു കൂവുന്നവനെയൊക്കെ എന്തിന് പഠിപ്പിച്ചു പാസാക്കി വിടുന്നു ?!

ശാസ്ത്രജ്ഞനെന്നു ഭാവിക്കുന്ന അജ്ഞന്മാരുടെ പിഴവുകള്‍ക്ക് ശാസ്ത്രത്തെ ആരും discredit ചെയ്യില്ലല്ലെന്നു വിശ്വസിക്കുന്നു.

2. പ്ലേറ്റ്ലെറ്റ് സിന്തസിസിന്റെ നീണ്ട ഇടനാഴികളില്‍ എവിടെയാണ് ഈ മരുന്നു പ്രവര്‍ത്തിക്കുന്നത് എന്നു പറയാന്‍ വൈദ്യശാസ്ത്രവുമായി ഒരു ബന്ധവുമില്ല എന്നു ആദ്യമേ തന്നെ പ്രഖ്യാപിച്ച സുമേഷ് ജി അല്ല ബാധ്യസ്ഥന്‍ എന്നെനിക്കറിയാം. അതു അംബി എന്ന ബ്ലോഗറുടെ കമന്റിനു മറുപടിയായി ഞാന്‍ പറഞ്ഞിട്ടുമുണ്ട്.
ഈ പപ്പായയില ഒറ്റമൂലി 2004, 2005 എന്നീ വര്‍ഷങ്ങളില്‍ പല ഐ.ടി കമ്പനികളിലും ചെയിന്‍ മെയിലായി വന്നത് ബോംബേ ഹോസ്പിറ്റലിലെ ഒരു Dr.Sumedha Bajaj എന്നയാളുടെ സ്വകാര്യമെയിലിന്റെ പകര്‍പ്പുകളായിട്ടാണ്. നാട്ടില്‍ പലര്‍ക്കും ഈ മെയില്‍ കിട്ടി അന്ന്. ഓള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു കഥയും ഇതോടൊപ്പം പുറത്തിറങ്ങി. എന്നാല്‍ അന്ന് അതന്വേഷിച്ചപ്പോള്‍ Dr.Sumedha Bajaj എന്നൊരു പുമാന്‍ ബോംബേ ഹോസ്പിറ്റലിലേ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടിലാകട്ടെ ഇങ്ങനൊരു പരീക്ഷണവും നടന്നിട്ടില്ല എന്ന് അവിടെയുള്ള അധ്യാപകര്‍ പറഞ്ഞു !

ഓരോ അസുഖവും മഹാമാരിയായി വരുമ്പോള്‍ ചുളുവില്‍ ഒരു കച്ചവടം ഒപ്പിക്കാന്‍ കുറേപേര്‍ കച്ചകെട്ടിയിറങ്ങും. കുറച്ചുകാലം മുന്‍പ് ചിക്കുന്‍ ഗുന്യ വാതപ്പനി മാറാന്‍ കമ്മ്യൂണിസ്റ്റുപച്ച ബെസ്റ്റാണെന്നു പറഞ്ഞ് തിരുവനന്തപുരത്ത് ഒരു ന്യൂസിറങ്ങി. അതോടെ ഒരു പിടി കമ്മ്യൂണിസ്റ്റു പച്ച 90 രൂപയ്ക്കു വരെ വിറ്റു പോയത് ഞാന്‍ നേരിട്ടു കണ്ടതാണ്. മലേഷ്യയില്‍ പപ്പായ കൃഷി നല്ല ബിസ്നസ്സാണ്. അവിടുന്നാണ് പപ്പായ ഒറ്റമൂലികളുടെ ആദ്യ ഈമെയിലുകളിലൊന്ന് പലര്‍കക്കും കിട്ടിയതും...!

3. പപ്പായ ഇലയിലല്ല, മൂത്രത്തിന്റെ ഔഷധഗുണത്തിന്മേല്‍ പോലും ഗവേഷണം നടത്താന്‍ ഫണ്ടു കിട്ടാ‍ന്‍ ഇന്ന് യാതൊരു പാടുമില്ലാതിരിക്കെ ഇത്ര വര്‍ഷമായിട്ടും ഒരൊറ്റ പേപ്പര്‍ പോലും നേച്ചറിലോ സയന്‍സിലോ പബ്മെഡിലോ ഇന്റര്‍ സയന്‍സിലോ വരാത്തതെന്തേ ?

അപ്പോള്‍ ചിലര്‍ പറയും Absence of evidence is not evidence of absence എന്ന്. അവരോട് എന്റെ ചോദ്യം ഇതാണ് : “ ആന പറക്കുന്നത് ആരും കണ്ടിട്ടില്ല. എന്നു വച്ച് ലോകത്തെവിടെയും ആനകള്‍ പറക്കുന്നേയില്ല എന്നു പറയാനാവില്ല” എന്നു സമ്മതിക്കുമോ ?

അവിടെ നാം ആനയുടെ ശരീരത്തിന്റെ ഡൈനാമിക്സും, അതു പോലൊരു ജീവി പറക്കാന്‍ വേണ്ട ഏയറോഡൈനാമിക്സുമൊക്കെ കണക്കുകൂട്ടി നോക്കുന്നത്. പറക്കുന്ന ആനയെ ആരും കണ്ടിട്ടില്ലേലും അതിന്റെ ഫിസിക്സിന്റ്റെ അസംഭാവ്യത ഗണിച്ചെടുക്കാന്‍ ഇപ്പോഴുള്ള ശാസ്ത്രത്തിന്റെ അറിവുകള്‍ തന്നെ ധാരാളമല്ലേ ?
Extra ordinary claims require extra ordinary proof !

പ്ലേറ്റ്ലെറ്റുകളുടെ ഫിസിയോളജിയറിയാമെങ്കില്‍ ആര്‍ക്കും പകല്‍ പോലെ വ്യക്ത്മാകും ഈ Overnight ഒറ്റമൂലിയുടെ അസംഭാവ്യത. അതുകൊണ്ടുതന്നെയാവാം ഇതിനേപ്രതി ആധികാരികമായ ഗവേഷണങ്ങള്‍ വരാത്തതും

4. ഡയബറ്റിസില്‍ ഇന്‍സുലിന്റെ ആക്ഷന്‍ നേരെ വാ നേരെ പോ എന്ന മട്ടില്‍ ൠജുവായ ഒന്നാണ്. പഞ്ചസാരയെ ഇന്‍സുലിന്‍ റിസപ്റ്ററുകളുടെ സഹായത്താല്‍ ശരീരകോശങ്ങളിലേക്കു കയറ്റിയാല്‍ ഇന്‍സുലിന്റെ ജോലി തീര്‍ന്നു. അതു പോലെ ഋജുവാണോ ഡെങ്കിപ്പനിയിലെ platelet destructionന്റെ പാത്തോളജി ? ഡയബറ്റീസിന്റെ multifaceted പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍സുലിനു കഴിവുണ്ടോ ? ഇല്ലല്ലോ... ഇന്‍സുലിനാല്‍ നിയന്ത്രിക്കപ്പെടുന്ന പഞ്ചസാരയുടെ ഗതിവിഗതികളില്‍ ഒതുങ്ങുന്ന ഒന്നല്ലല്ലോ ന്യൂറോപ്പതിയും നെഫ്രോപ്പതിയുമൊന്നും ?
ഡയബറ്റിക് കീറ്റോ അസിഡോസിസോ ഹൈപ്പര്‍ ഓസ്മോളാര്‍ കോമയോ വരുമ്പോള്‍ ഇന്‍സുലിനേക്കാള്‍ ആവശ്യം നോര്‍മ്മല്‍ സലൈന്‍ ഡ്രിപ്പല്ലേ ? ഇന്‍സുലിന്‍ മാത്രം കൊടുത്തുകൊണ്ടിരുന്നാല്‍ ഹൈപ്പോ കലീമിയകൊണ്ട് രോഗിക്ക് ഹൃദയാഘാതമല്ലേ വരുക ?

അവിടേയും രോഗ ഹേതു multifactorial ആകുമ്പോള്‍ ഒറ്റമരുന്നു കൊണ്ടൊന്നും കാര്യം നടക്കുകില്ല.

ഈയൊരു പോയിന്റ് തന്നെയാണ് വീണ്ടും വീണ്ടും ഞാന്‍ പറയുന്നത് : പലമുഖങ്ങളുള്ള, പല രീഥിയില്‍ ശരീരത്തെ ബാധിക്കുന്ന രോഗങ്ങളില്‍ ഒറ്റയടിക്ക് അതും ‘ഒറ്റമരുന്നു‘ കൊണ്ട് കാര്യങ്ങളെ നേരെയാക്കാം എന്ന ‘ഒടിവൈദ്യന്‍’ സങ്കല്‍പ്പം തന്നെ ശരീരത്തെയോ അതിന്റെ സങ്കീര്‍ണ്ണതകളെയോ പറ്റി മനസ്സിലാക്കാത്തതു കൊണ്ടാണ് എന്ന്.

5. വൈറല്‍ ഹെപ്പറ്റൈറ്റിസ് Obstructive phaseലേക്കു പോകുന്നതെപ്പോഴാണ് ? കരള്‍ കോശങ്ങളില്‍ അല്പസ്വല്പം നീരു കെട്ടി അത് intrahepatic biliary radiclesലൂടെയുള്ള പിത്തരസഠിന്റെ ഒഴുക്കിനെ തടയുമ്പോളല്ലേ ? അല്ലാതെ ഹെപ്പാറ്റിക് ഡക്റ്റിനെയോ common bile duct നെയോ തടഞ്ഞിട്ടല്ലല്ലോ ?
കരള്‍ കോശങ്ങളുടെ ആ നീരു വറ്റാന്‍ ഒരാഴ്ചപോലും വേണ്ടല്ലോ പണിക്കര്‍ മാഷേ ?
ആ നീരു വറ്റുന്നതോടെ വൈറല്‍ ഹെപ്പറ്റൈറ്റിസിലെ obstructive jaundice ശടേന്നു താഴോട്ടു വരുന്നതും സാധാരണ കാഴ്ചയല്ലേ ?

വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ ചികിത്സ വിവരിക്കുന്ന പുസ്തകങ്ങളിലൊക്കെ ആദ്യത്തെ വാചകം : Drugs should be avoided in hepatitis എന്നാണ്. മരുന്നുകള്‍ - അതു പച്ചമരുന്നായാലും ഡിസൈനര്‍ മോളീക്യൂള്‍ ആയാലും - ചയാപചയപ്രക്രിയയിലൂടെ വിഘടിച്ച് ആക്റ്റീവ് മോളിക്യൂളുകലാകുന്നത് കരളിലാണ് എന്നത് ബയോളജി ബാലപാഠം. രോഗം വന്നു വീര്‍ത്തുകെട്ടിയിരിക്കുന്ന കരളിനെ പിന്നെയും മരുന്നു നല്‍കി മെനക്കെടുത്തരുതേ എന്ന അപേക്ഷയാണ് ‘ Drugs should be avoided in hepatitis ‘ വാചകത്തില്‍. എന്നിട്ടും സിലിമാരിനും മറ്റും നല്‍കി രോഗിയെ പിഴിയുന്ന ഗ്യാസ്ട്രോളജിസ്റ്റ് വീരന്മാര്‍ ഉണ്ടെന്നത് സങ്കടകരമായ വേറൊരു യാഥാര്‍ത്ഥ്യം !

ശരിക്കുള്ള കിടിലന്‍ obstructive jaundice വരുന്നത് Cholelithiasis പോലുള്ള അവസരത്തിലല്ലേ...ഒറ്റമൂലിയുടെ മിടുക്കു കാണിക്കേണ്ടത് അവിടെയാണ് - പിത്തരസത്തെ അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ സമ്മതിക്കാതെ തടഞ്ഞുവയ്ക്കുന്ന നല്ല ഊക്കന്‍ കൊളസ്ട്രോള്‍ കല്ലുകളെ ഉരുക്കി/പൊടിച്ചു മാറ്റാന്‍ പറ്റിയ “ കല്ലുരുക്കി “ കള്‍ വരട്ടെ....‘ഒറ്റമൂലി’ ആയാല്‍ അങ്ങനെ വേണം, അല്ലാതെ ശരീരം താനേ രോഗവിമുക്തമാകുമ്പോള്‍ അതിന്റെ ക്രെഡിറ്റ് എടുക്കലല്ല.

ഗോള്‍ പോസ്റ്റിലേക്കു ആരോ അടിച്ചുവിട്ട പന്തിനെ പുറകേ ചെന്ന് വീണ്ടും പോസ്റ്റിലേക്കടിച്ചിട്ട് ‘ഗോള്‍’ ഗോള്‍ എന്ന് വിളിക്കുന്നതില്‍ മിടുക്കെവിടെ ?!


ഈ എഴുതിയതൊക്കെ എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ - എന്റെ മാത്രം അഭിപ്രായങ്ങളാണ്. ഞാനെന്റെ യുക്തിക്കും ബോധ്യത്തിനുമനുസരിച്ച് എഴുതി. ഇതിന്റെ ആധികാരികത തള്ളിക്കളയാനും അംഗീകരിക്കാനും ആര്‍ക്കും അവകാശമുണ്ട്. ഒരു തരം ചികിത്സാ രീതികളേയും വാഴ്ത്താനോ, ഇകഴ്ത്താനോ വേണ്ടിയല്ല ഇതൊന്നും എഴുതിയത് . പക്ഷേ, ശാസ്ത്രത്തിന്റെ പേരില്‍ കൊണ്ടുവരുന്ന അവകാശങ്ങള്‍ക്ക് ശാസ്ത്രം കൊണ്ടു തന്നെ Proof വേണം. അല്ലാത്തിടത്തോളം എതിര്‍ക്കേണ്ടവര്‍ എതിര്‍ക്കുക തന്നെചെയ്യും.

ഇത്രയും എഴുതിക്കൂട്ടുവാന്‍ അനുമതി തരുന്നതിനു പണിക്കര്‍ സാറിനു വലിയൊരു നന്ദി.

(മൂര്‍ത്തിയേയ്...ഓടിവാ...ഓടിവാ...ഹ ഹ!)

4:35 AM  
Blogger സൂരജ് said...

ഒരു കാര്യം കൂടി - അനംഗാരി വിചാരിച്ചുവച്ചിരിക്കുനത് ഈ ആംഗല ചികിത്സ എന്നത് ചൊവ്വയില്‍ നിന്നോ യുറേനസ്സില്‍ നിന്നോ കെട്ടിയെടുത്ത ഏതോ രീതിയാണെന്നാണ്...

പൊന്നു മാഷേ....അങ്ങ് ഇപ്പോള്‍ ഈ വായിക്കുകയും ടൈപ്പു ചെയ്യുകയും ചെയ്യുന്ന കമ്പ്യൂട്ടറ് കണ്ടുപിടിക്കാന്‍ സഹായിച്ച അതേ ശാസ്ത്രവും തിയറികളും യുക്തികളുമൊക്കെത്തന്നെയാണ് ആംഗല വൈദ്യം ആംഗല വൈദ്യം എന്ന് വിളിക്കുന്ന ഈ ശാസ്ത്രത്തിന്റേയും കാതല്‍.

ചരകനും, ആത്രേയനും സുശ്രുതനുമൊക്കെ ഒരുകാലത്ത് ഇതേ രീതിശാസ്ത്രത്തില്‍ തന്നെയാണ് ഗവേഷണം ചെയ്തതും സര്‍ജ്ജറി ഉപകരണങ്ങളടക്കം വലിയ സംഭാവനകള്‍ ഈ രംഗത്തിനു നല്‍കിയതും. അവരൊന്നും സ്വന്തം ആചാര്യന്മാര്‍ പറഞ്ഞതൊക്കെ അലംഘനീയമാ‍യ വേദവാക്യം എന്നും പറഞ്ഞ് ഇരുന്നിരുന്നവരല്ല. രോഗത്തെ സിസ്റ്റമാറ്റിക് ആയി പഠിക്കാനും theorize ചെയ്യാനുമെല്ലാം ലോകത്തെ ആദ്യം പഠിപ്പിച്ചത് അവരായിരുന്നു.
അവര്‍ തുടങ്ങിവച്ചതിനെ ഒരു പടി പോലും മുന്നോട്ടു കൊണ്ടു പോകാതെ അവര്‍ അന്നത്തെ പരിമിത ജ്ഞാനത്തില്‍ എഴുതിവചതൊക്കെ അനിഷേധ്യം/അലംഘനീയം/ സനാതനം എന്നു പറഞ്ഞ് പുരോഗതിക്കുള്ള സര്‍വ്വ സാധ്യതയേയും കൊട്ടിയടച്ചതാരാണ് ?
എന്നിട്ട് ഒടുവിലിപ്പോള്‍ ആ അറിവുകള്‍ വികസിച്ച് പരിണമിച്ച് Heart Lung machine ഉം Extracorporeal membrane Oxygen transfer ഉം CT scanner-ഉമൊക്കെയായി വല്ല നാട്ടുകാരന്റേയും കൈയ്യില്‍ നിന്നും വാങ്ങേണ്ട ഗതി ഭാരതത്തിനു വരുത്തിയത് ആരാണ് ?

4:48 AM  
Blogger മൂര്‍ത്തി said...

എല്ലാം വായിക്കുന്നുണ്ട്...

4:52 AM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌ said...

അതു പോലും ചെയ്തു നോക്കാതെ കൊണ്ട് വാ പ്ലേറ്റ്ലെറ്റ്, കൊണ്ട് വാ ബ്ലഡ് എന്ന് വിളിച്ചു കൂവുന്നവനെയൊക്കെ എന്തിന് പഠിപ്പിച്ചു പാസാക്കി വിടുന്നു ?!

"പണ്ടൊക്കെ ആളുകള്‍ക്ക്‌ വിവരമില്ലാതിരുന്നതുകൊണ്ട്‌ പിള്ളേര്‍ അളിച്ചു വാരിത്തിന്ന്‌ വയറിളക്കം പിടിച്ച്‌ വരുമായിരുന്നു. ഇപ്പോള്‍ അതുമില്ല " എന്നു വിലപിച്ച ഒരു ആശുപത്രിമുതലാളി ഡോക്റ്ററുടെ ആശുപത്രിയില്‍ നിന്നാണ്‌ ഞാന്‍ ആദ്യമായി ജോലി രാജിവയ്ക്കുന്നത്‌- അതു കേട്ട ദിവസം

4:59 AM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌ said...

രോഗം വന്നു വീര്‍ത്തുകെട്ടിയിരിക്കുന്ന കരളിനെ പിന്നെയും മരുന്നു നല്‍കി മെനക്കെടുത്തരുതേ എന്ന അപേക്ഷയാണ് ‘

ഇത്തരം രോഗികളില്‍ കാണുന്ന S.bilirubin, supportive therapy മാത്രം കൊണ്ട്‌ ഒരാഴ്ചക്കുള്ളില്‍ normal ആകുകയില്ല. പക്ഷെ ആയുര്‍വേദചികില്‍സയില്‍ അങ്ങനെ കണ്ടു എന്നാണ്‌ എന്റെ അനുഭവം ഞാന്‍ പറഞ്ഞത്‌.

5:18 AM  
Blogger ഒരു “ദേശാഭിമാനി” said...

കഴിഞ്ഞ കുറച്ചുനാളുകളെ ആയുര്‍വേദത്തിനു കുറച്ചുകുടി അന്തര്‍ദേശീയശ്രദ്ധ കിട്ടിതുടങ്ങിയ്ട്ടു. ദുബായ് തുടങ്ങിയ ഗള്‍ഫ്നാടുകളില്‍ ഭാരതീയ ആയുര്‍വേദ ചികത്സ നടത്തുവാന്‍ ലൈസന്‍സു കൊടുത്തു തുടങ്ങിയിട്ടുണ്ട്. ആധികാരികമായി ഈ ശാസ്ത്രശാഖയെ പറ്റി പറയാന്‍ ഒരു ആറിവും എനിക്കില്ല. എങ്കിലും അനുഭവങ്ങള്‍ മനസ്സിലാക്കിതരുന്നതു, രോഗപ്രതിരോധത്തിനും, രോഗശുശ്രൂഷക്കും, ആവശ്യ്മുള്ള എല്ലാ രാസഘടകങ്ങളും, സസ്യങ്ങളിലും, പ്രകൃതിയില്‍ കാണുന്ന മറ്റു വസ്തുക്കളിലും തീര്‍ച്ചയായും ഉണ്ട് എന്നാണ്. പ്രകൃത്യാ കാണുന്ന ഔഷധ വസ്തുക്കള്‍ മനുഷ്യശരീരത്തിനു കൂടുതല്‍ സ്വീകാര്യവുമാകാനേ സാധ്യത ഉള്ളു. കാരണം അതു പ്രകൃതിയുടെ നിര്‍മാണശാലയില്‍ ഉണ്ടാക്കപ്പെടുന്നതാണു. ആധുനിക
ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ആയുര്‍വേദവും, ഒറ്റമൂലികളും കൂടുതല്‍ പ്രചാരത്തില്‍ കൊണ്ടുവരേണ്ടതാണു. (മൃഗങ്ങള്‍ വരെ ചില അസ്സുഖങ്ങള്‍വന്നാല്‍ ചില പച്ചിലകള്‍ കഴിക്കുന്നതു ഒരിക്കല്‍ അനിമല്‍ പ്ലാനറ്റില്‍ വിശദീകരിക്കുന്നകണ്ടു)

5:51 AM  
Blogger സൂരജ് said...

ഇത്തരം രോഗികളില്‍ കാണുന്ന S.bilirubin, supportive therapy മാത്രം കൊണ്ട്‌ ഒരാഴ്ചക്കുള്ളില്‍ normal ആകുകയില്ല. പക്ഷെ ആയുര്‍വേദചികില്‍സയില്‍ അങ്ങനെ കണ്ടു എന്നാണ്‌ എന്റെ അനുഭവം ഞാന്‍ പറഞ്ഞത്‌.

ഏതെങ്കിലും ആയുര്‍വേദ കൂട്ട് അങ്ങനെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനു ഹെപ്പാറ്റോ പ്രൊട്ടക്റ്റീവ് ഇഫക്റ്റ് തീര്‍ച്ചയായും കാണണം.

പക്ഷേ 8 -10 ദിവ്സം കൊണ്ട് സപ്പോര്‍ട്ടിവു തെറപ്പി മാത്രം കൊണ്ട് ഒട്ടനവധി പേഷ്യന്റ്റ്റ്സിന് ബിലിറൂബിന്‍ നന്നായി താഴ്ന്നു എന്നത് എന്റെ വ്യക്തിപരമായ അനുഭവമാണ് കേട്ടോ . ബിലിറൂബിനീമിയ 20 യില്‍ നിന്നും 8 ഉം 4 മൊക്കെയായി - നോര്‍മല്‍ വാല്യുവായ 1.0 ലേക്ക് എത്താന്‍ പിന്നെയും ഒന്നു രണ്ടാഴ്ചകള്‍ കൂടിയെടുത്തു.
ഹെപറ്റൈറ്റിസില്‍ ബിലിറൂബിന്‍ നിലയെ പറ്റി സാധാരണ അലോപ്പതിയില്‍ ബേജാറാവാറില്ലല്ലോ - kernicterus ഒക്കെ ആകുമെങ്കില്‍ മാത്രമല്ലേ ഭയപ്പെടേണ്ടതുള്ളൂ. സാധാരണ വൈറല്‍ ഹെപ്പറ്റൈറ്റിസില്‍ 4 മുതല്‍ 10 വരെയൊക്കെയേ പോകാറുള്ളൂ 90% കേസിലും. Obstructive phase-ല്‍ ആയാല്‍ പോലും 15 ഓ 20 ഓ എത്തിയേക്കും. നവജാതശിശുവിലെ neonatal physiological jaundice പോലും 15 വരെയൊക്കെ പോകാറില്ലേ...അതിനും വെയില്‍ കായല്‍ ഫലപ്രദമാകുന്നല്ലോ.

(ഒരു സീരിയസ് കാര്യം : മാഷു പറഞ്ഞ ആ മരുന്നിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം. ഏതെങ്കിലും പഠനം അവെയ്ലബിള്‍ ആണോ ? ഏതു ടൈപ്പ് ഹൈപ്പര്‍ ബിലിറൂബിനീമിയക്കാണ് - conjugated or unconjugated - അത് കൂടുതല്‍ ഇഫക്റ്റീവ് ആകുക എന്ന് അങ്ങ് ശ്രദ്ധിച്ചിട്ടുണ്ടോ ? അതോ obstructive typeല്‍ മാത്രമേ അത് ഫലപ്രദമാകുകയുള്ളോ ? സോഴ്സ് സസ്യം ഏതാണ് ? പബ് മെഡിലോ മറ്റോ ഒന്നു തപ്പി നോക്കാം എന്നു വിചാരിക്കുന്നു.)

6:03 AM  
Blogger സൂരജ് said...

ആധുനിക ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ആയുര്‍വേദവും, ഒറ്റമൂലികളും കൂടുതല്‍ പ്രചാരത്തില്‍ കൊണ്ടുവരേണ്ടതാണു.

പ്രിയ ദേശാഭിമാനീ,
ഇതു തന്നെയാണ് ഈയുള്ളവനും പറയുന്നത്. കൊള്ളേണ്ടതു ഉള്‍ക്കൊണ്ട്, തള്ളേണ്ടതു തള്ളി, പുതുക്കേണ്ടതു പുതുക്കി, മാറ്റേണ്ടതു മാറ്റി...അങ്ങനെയൊക്കെയാണ് വളരുന്ന സംസ്കാരങ്ങള്‍ തങ്ങളുടെ പൈതൃക സ്വത്തിനെ സംരക്ഷിക്കുന്നത്. നമ്മള്‍ക്ക് മാത്രം മാറ്റം എന്നു കേട്ടാല്‍ അപ്പോള്‍ വയറിളകും !

ആധുനിക ശാസ്ത്ര പുരോഗതിയുടെ ചരിത്രമെടുത്താല്‍ ഗാലന്‍ എന്നൊരു വൈദ്യന്റെ പേര്‍ ഒട്ടനവധിയിടത്തു കാണാം. മൂപ്പരാണത്രെ രക്തധമനികളിലൂടെ രക്തമാണ് പോകുന്നത്, കാ‍റ്റല്ല എന്ന് കണ്ടുപിടിച്ചത് എന്നാണ് ലോകം മുഴുവന്‍ പഠീക്കുന്നത്. അങ്ങോര്‍ക്കും എത്രയോ മുന്നേ ഇവിടെ ഹൃദയത്തെയും ധമനികളെയും കീറിമുറിച്ച് പഠിച്ചു നമ്മുടെ പ്രാചീന സയന്റിസ്റ്റുകള്‍.
എന്തിന്, ഹിമാലയ താഴ്വരയില്‍ സയന്റിഫിക് മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് ഗുരുവും ശിഷ്യന്മാരും കൂടി ഗര്‍ഭകാലത്തെ ഭ്രൂണവളര്‍ചയെക്കുറിച്ച് തര്‍ക്കിക്കുക പോലുമുണ്ടായിട്ടുണ്ട്. അന്നത്തെ അവരുടെ നിഗമനങ്ങള്‍ എത്രതന്നെ അയഥാര്‍ത്ഥമായിരുന്നാലും ഇതു പോലൊരു systematic സമീപനം ഭൂമിയില്‍ വേറെ ഒരു പ്രാചീന സംസ്കാരത്തിനും ഉണ്ടായിട്ടില്ല.

ഇന്ന് സയന്റിഫിക് കോണ്‍ഫറന്‍സ് എന്നു കേട്ടാല്‍ നമ്മുടെ പാരമ്പര്യ വൈദ്യന്മാര്‍ക്ക് ഹാലിളകും! ആചാര്യന്‍ പറഞ്ഞതിനെ refute ചെയ്യുന്ന ശിഷ്യന്‍ റോഡില്‍ ചെന്നു കിടക്കേണ്ടി വരും !

6:15 AM  
Blogger sanathanan said...

ഇന്ന് സയന്റിഫിക് കോണ്‍ഫറന്‍സ് എന്നു കേട്ടാല്‍ നമ്മുടെ പാരമ്പര്യ വൈദ്യന്മാര്‍ക്ക് ഹാലിളകും! ആചാര്യന്‍ പറഞ്ഞതിനെ refute ചെയ്യുന്ന ശിഷ്യന്‍ റോഡില്‍ ചെന്നു കിടക്കേണ്ടി വരും !

കഴിഞ്ഞ ദിവസം ഒരു ആയുര്‍വേദ കമ്പനിയുടെ വെബ്‌ സൈറ്റ് നോക്കിയപ്പോള്‍ അവര്‍ പങ്കെടുക്കുന്ന "ആധുനിക ഗവേഷണ" കൊണ്ഫരന്സിന്റെയും, പഠനങ്ങളുടെയും ഒക്കെ വിവരങ്ങളും വീഡിയോയും കണ്ടിരുന്നു. അത് കണ്ടിട്ട്, ഇത് വായിച്ചപ്പോള്‍ എനിക്കാകെ കണ്‍ഫ്യൂഷന്‍ ആകുന്നു. അവര്‍ fake ന്യൂസും വീഡിയോയും ഒക്കെ ഉണ്ടാക്കിയതാണോ ഈശ്വരാ?

9:08 AM  

Post a Comment

<< Home