Monday, January 21, 2008

comment

ശ്രീ സുമേഷിന്റെ പോസ്റ്റില്‍ ഡങ്കിപനിയുടെ പൂര്‍ണ്ണ ചികില്‍സയായിട്ടാണോ പപ്പായ ഇലയുടെ നീര്‌ പറഞ്ഞത്‌? ഞാന്‍ മനസിലാക്കിയടത്തോളം താല്‍ക്കാലികമായി ഉണ്ടായ platelet count കുറവിനെ നികത്തുവാന്‍ അതുപകരിച്ചു എന്നു മാത്രമാണ്‌ അതിന്റെ സന്ദേശം. അത്‌ ശരിയാണോ തെറ്റാണോ എന്നു ആധികാരികമായി പറയുവാന്‍ ഞാന്‍ ആളല്ല. അതിനെ കുറിച്ച്‌ വേണ്ടത്ര പഠനങ്ങള്‍ നടത്താതെ അങ്ങനെ ഒരു തീരുമാനത്തിലെത്തുവാനും ബുദ്ധിമുട്ടാണ്‌ - പക്ഷെ അതില്‍ ആന പറക്കുന്നതു പോലെ ഉള്ള അസ്വാഭാവികത ഉണ്ടെന്നു സമ്മതിക്കുവാന്‍ എന്റെ സാമാന്യബുദ്ധിയും സമ്മതിക്കുന്നില്ല. അതുകൊണ്ട്‌ അതിനെ കുറിച്ച്‌ സാധിക്കുമെങ്കില്‍ കൂടുതല്‍ പഠനം നടത്തുകയായിരിക്കും എതിരഭിപ്രായം പറയുന്നതിന്‌ മുമ്പ്‌ വേണ്ടത്‌ എന്ന്‌ എന്റെ അഭിപ്രായം.

അതേപോലെ insulin ഉം ഡയബെറ്റിസ്‌ മെലിറ്റസ്‌ ന്റെ പൂര്‍ണ്ണ ചികില്‍സ അല്ലാതിരുന്നിട്ടും അതിനെ നാം വിലമതിക്കുന്നല്ലൊ എന്നല്ലെ ഞാന്‍ പറഞ്ഞത്‌? അല്ലാതെ മേല്‍പറഞ്ഞ അവസ്ഥകളില്‍ Saline കൊടുക്കേണ്ട , ഇന്‍സുലിന്‍ മാത്രം മതി എന്നൊരര്‍ത്ഥം എന്റെ വാക്കുകളില്‍ ഉണ്ടായിരുന്നൊ?

പാരമ്പര്യവാദത്തെ കുറിച്ച്‌ അല്‍പം.

എന്റെ ചെറുപ്പകാലത്ത്‌ അനുഭവമാണ്‌ - പരമ്പരാഗതചികില്‍സയില്‍ തലമുറകളായി വിഷചികില്‍സ, മഞ്ഞപിത്തചികില്‍സ ഇവ ഞങ്ങളുടെ കുടുംബത്തില്‍ ഉണ്ടായിരുന്നു. അതൊന്നും ഒരു നയാപൈസ പോലും (യാതൊരു വസ്തുക്കളും) ദക്ഷിണയായി പോലും വാങ്ങികൊണ്ടായിരുന്നില്ല. മഞ്ഞപിത്തത്തിന്‌ മരുന്നു കഴിക്കുവാന്‍ വരുന്ന രോഗികള്‍ക്കു വണ്ടി മരുന്ന്‌ തയ്യാര്‍ ചെയ്യാന്‍ എന്റെ അമ്മ കാലത്ത്‌ നാലുമണിക്ക്‌ മുതല്‍ തുടങ്ങുന്നതും, അതിനൊപ്പം കൊടുക്കുന്ന പശുവിന്‍ പാല്‍ ഞങ്ങളുടെ പശുവിന്റെ തന്നെ കറന്നു നല്‍കുന്നതും എല്ലാം വെറും ധര്‍മ്മമായിതന്നെ ആയിരുന്നു. (ഇന്ന്‌ എല്ലായിടത്തും നടക്കുന്നത്‌ അങ്ങനെ ആണെന്നൊന്നും ഇതിനര്‍ത്ഥമില്ല കേട്ടൊ)

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്റെ മകന്‍ മഞ്ഞപിത്തം വന്ന്‌ പനിപ്പിടിച്ച്‌ ചര്‍ദ്ദിച്ച്‌ കിടന്നപ്പോള്‍, കൂട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. വിവരം എന്നെ ഫോണില്‍ അറിയിച്ചപ്പോള്‍ , അവനെ അവിടെ ഒന്നും തന്നെ ചെയ്യാതെ അമ്മയുടെ അടുത്തെത്തിക്കുവാന്‍ പറയുവാന്‍ എനിക്കു രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല.

രക്തപരിശോധന, മൂത്രപരിശോധന, i/v drip തുടങ്ങി വേണമെങ്കില്‍ കുറെ ആയിരം രൂപ പൊടിക്കുവാന്‍ ഒരു നല്ല സാധ്യത കളഞ്ഞുകുളിച്ചു.(ഞാന്‍ ജോലി ചെയ്തിരുന്ന ആശുപത്രികളില്‍ betnesol- steroid white-wash വരെ ചെയ്യുന്നത്‌ കണ്ടിട്ടുള്ളവനാണ്‌ - എന്നിട്ട്‌ വലിയ വായില്‍ പറയും - supportive therapy എന്ന്‌- steroid glucose drip )ല്‍ ഇട്ടു അങ്ങു കേറ്റിയാല്‍ അടുത്ത ഫിവസം തന്നെ കണ്ണിന്റെ നിറമൊക്കെ Normal ആകും - പാവം രോഗി വിചാരിക്കും രോഗം മാറി എന്ന്‌ അതിനാണ്‌ steroid white-wash എന്ന പേര്‍, ചെയ്യുവാന്‍ പാടില്ലാത്തവയുടെ ലിസ്റ്റില്‍ പെട്ടത്‌

വിഷചികില്‍സ എന്നെയും പഠിപ്പിക്കുവാന്‍ അമ്മ കുറെ ശ്രമിച്ചതാണ്‌. അതിന്റെ കഥ ഒരല്‍പം അന്ധവിശ്വാസമായി നിങ്ങള്‍ക്കു തോന്നിയേക്കം. ഏതായാലും എഴുതി തുടങ്ങിയില്ലെ അതും കൂടി പറയാം.

അമ്മയുടെ അടുത്ത്‌ ധാരാളം പേര്‍ വിഷചികില്‍സക്കെത്തുമായിരുന്നു. അവരില്‍ ചിലര്‍ക്കൊക്കെ മരുന്നു കൊടുക്കും ചിലര്‍ക്ക്‌ വെള്ളം ജപിച്ചൊഴിക്കും, മറ്റു ചിലരോട്‌ മേപ്പള്ളികുറ്റിയില്‍ പൊയ്ക്കൊള്ളുവാന്‍ പറയും- അടുത്തുള്ള വിഷചികില്‍സ ആശുപത്രി അതായിരുന്നു. ഒരാള്‍ക്കു പോലും എന്തെങ്കിലും അനിഷ്ടം സംഭവിച്ചതായി ഞങ്ങളുടെ അറിവിലില്ല. ഈ മെപ്പള്ളികുറ്റിയില്‍ കൊണ്ടുപോകുവാന്‍ പറയുന്നവരെ അമ്മ തെരഞ്ഞെടുക്കുന്നതല്ല - അവര്‍ വരുമ്പൊഴേ , അല്ലെങ്കില്‍ അവരുടെ വിവരം പറയുവാന്‍ വരുന്നവര്‍ പറഞ്ഞു തുടങ്ങുമ്പോഴേ പറയും. അതിന്‌ ദൂതലക്ഷണം പഠിക്കണം എന്നു പറഞ്ഞ്‌ എന്നെ പഠിപ്പിക്കുവാന്‍ ശ്രമിച്ചതാണ്‌ പക്ഷെ നടന്നില്ല.

ദൂതലക്ഷണം കൊണ്ടു തന്നെ മനസിലാകുമത്രെ വിഷമുണ്ടോ ഇല്ലയോ എന്ന്‌. ഇതില്‍ അത്ര കാര്യമുണ്ടോ ഇല്ലയോ എന്നു നിശ്ചയിക്കുവാന്‍ എനിക്കും ആയില്ല- കാരണം ഒന്ന്‌ ചെറുപ്പം മുതലുള്ള അനുഭവം കണ്മുന്നില്‍ കാണുന്നത്‌, പക്ഷെ രണ്ടാമത്‌ എനിക്ക്‌ അത്‌ എന്തു കൊണ്ടു മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല എന്നത്‌.പക്ഷെ ഇതിനൊരുത്തരം കുറെ മുമ്പ്‌ ലഭിച്ചു.

ഒരു ദിവസം അമ്മ, തന്റെ അടുത്തു വന്ന ഒരു രോഗിയേ പറഞ്ഞു വിടുന്നത്‌ കണ്ടു, ആ രോഗിക്ക്‌ വിഷബാധയേറ്റതായി എനിക്കു തോന്നിയില്ല. രോഗി പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട്‌ ചോദിച്ചു അയാളെ എന്തിനാണ്‌ പറഞ്ഞുവിട്ടത്‌ എന്ന്‌. അമ്മയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു " മോനേ അതെനിക്കിപ്പോള്‍ മനസിലാകുന്നില്ല. ഞാന്‍ ഇനിമേലില്‍ വിഷചികില്‍സ നടത്തുകയില്ല" എന്ന്‌ അമ്മ പലപ്പോഴും പറയുമായിരുനു - ജീവിതച്ചിട്ട വേണം എന്ന്‌. പരിഷ്കാരത്തിന്റെയും പുരോഗമനത്തിന്റെയും ഭാഗമായി ഞങ്ങളുടെയും ജീവിതരീതികള്‍ മാറിയ കാലമായിരുനു അത്‌. എന്തോ ഇതിനൊന്നും എനിക്കു വിശദീകരണങ്ങളില്ല. നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ എന്നെ "അന്ധവിശ്വാസി " എന്നൊരു നൂറു വട്ടം വിളിച്ചുകൊള്ളൂ. ഇക്കാര്യത്തില്‍ അതുകേട്ടാലും എനിക്കൊന്നുമില്ല.

ഈ രണ്ടു മനസ്ഥിതികളും കണ്ടിട്ടുള്ള എന്നെ പോലെ ഉള്ളവര്‍ക്ക്‌ പാരമ്പര്യത്തിന്‌ വിലമതിക്കാനാവാത്ത മൂല്യങ്ങളുണ്ട്‌. ആ മൂല്യങ്ങളെ ആണ്‌ ചില അധമന്മാര്‍ കച്ചവടച്ചരക്കാക്കി മുതലെടുക്കുന്നത്‌ എന്നു കാണുമ്പോള്‍ ദുഃഖവുമുണ്ട്‌.

മരുന്നുകള്‍ സൂരജ്‌ ചോദിച്ചല്ലൊ. അവയൊക്കെ ഉപയോഗിക്കുനതിനും ഇതുപോലെ വല്ല ജീവിതച്ചിട്ട ബന്ധം ഉണ്ടോ എന്നൊന്നും എന്നോടു ചോദിക്കല്ലേ.അവസ്ഥാനുസരണം ചുക്ക്‌, ജീരകം, മഞ്ഞള്‍, വെളുത്ത ആവണക്കില, പശുവിന്‍ പാല്‍, പീച്ചത്തിന്റെ മജ്ജ ഇവയൊക്കെ അമ്മ ഉപയോഗിക്കാറുണ്ട്‌.

3 Comments:

Blogger Suraj said...

പ്രിയ പണിക്കര്‍ സാര്‍,

സുമേഷി ജിയുടെ പോസ്റ്റിലും ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു കമന്റായി അദ്ദേഹം ആ സന്ദര്‍ഭത്തെ കുറിച്ചു തന്ന വിവരണവും അങ്ങു വ്യക്തമായി വായിച്ചു കാണുമെന്നു കരുതട്ടെ.

ഇല്ലെങ്കില്‍ ദാ, താഴെ അദ്ദേഹം പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നു :

1. "ചുരുക്കിപറഞ്ഞാല്‍, ഡെങ്ക്യൂ, മലേറിയ തുടങ്ങിയുള്ള ഹൈ ടെമ്പറേച്ചര്‍ ഉള്ള ഒട്ടുമിക്ക പനിരോഗങ്ങളിലും “പ്ലേറ്റ്ലെറ്റ്സ് കൌണ്ട്” താഴെ പോകാം.. ഇത്തരമൊരവസ്ഥയില്‍, അലോപ്പതിമരുന്നുകള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര വേഗതയിലും പണചിലവിലും "പപ്പായനീ‍ര്‍" എന്ന അത്ഭുതമരുന്ന് പ്ലേറ്റ്ലെറ്റ്സ് കൌണ്ടിനെ സാധാരണ അവസ്ഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുന്നു.. സൈഡ് ഇഫക്റ്റും സ്പെഷ്യല്‍ ഇഫക്റ്റുമൊന്നുമില്ലാതെ!"

2. "പ്ലേറ്റ് ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ കൊടുക്കേണ്ടിവന്നത് രമേശേട്ടനു മാത്രമാണ്. അതു പൂര്‍ണ്ണമായും നിറുത്തിയിരുന്നു. ആശുപത്രിയും മാറി."

3. "..കാലത്ത്, ബേലാപൂരുള്ള പേരുകേട്ട ചൈല്‍ഡ് സ്പെഷ്യലിസ്റ്റ്, ഡോ: പ്രശാന്ത് മൊറാല്‍വറുടെ, വസതിയിലെ ക്ലിനിക്കില്‍ "പ്ലേറ്റ്ലെറ്റ്സ് കൌണ്ട് റിപ്പോര്‍ട്ട് (കൌണ്ട്: 25000) നോക്കിയ ശേഷം, വാഷിയിലുള്ള, അദ്ദേഹത്തിന്റെ തന്നെ ക്ലിനിക്കില്‍ പിറ്റേന്ന് രാവിലെ വന്ന് അഡ്മിറ്റാകാന്‍ പറഞ്ഞ 11 മാസം പ്രായമുള്ള കല്യാണി എന്ന പേഷ്യന്റിനെ രാത്രിയില്‍ പപ്പായനീരു കുടിപ്പിയ്ക്കുകയും ശേഷം, പിറ്റേന്ന് 10 നും 11 നും ഇടയില്‍ രണ്ടാമത് നടത്തിയ കൌണ്ടിംഗില്‍ പ്ലേറ്റ്ലെറ്റ്സ് നിരക്ക് 60000 ആയി ഉയര്‍ന്നതും, രണ്ടു റിപ്പോര്‍ട്ടുകളും കൈയ്യില്‍ പിടിച്ച് "കണ്‍ഫ്യൂഷനായി" നിന്ന ഡോക്റ്ററുടെ മുഖവുമൊന്നും.."

4. "അന്നവിടെ ഐ സി യൂവിലെ 16 ബെഡ്ഡിലും ഡെങ്കി പേഷ്യന്റുകളായിരുന്നു... അതില്‍ ചിലരോടൊക്കെ, ആ ഡോക്റ്റര്‍ തന്നെ ഈ മരുന്നിനെക്കുറിച്ച് ശുപാര്‍ശ ചെയ്തെന്നാണു കേള്‍വി."


മേല്‍ കൊടുത്ത വാചക ശകലങ്ങള്‍ ആകെക്കൂടി തരുന്ന സന്ദേശമെന്നത് 'പപ്പായ ജ്യൂസ് പ്രസ്തുത അസുഖത്തെ ഒറ്റയടിക്കു ശരിയാക്കാ‍ന്‍ കഴിവുള്ള ഒരു അത്ഭുത മരുന്നാണ് ' എന്നെനിക്കു തോന്നി.
സുമേഷ് ജി വൈദ്യവുമായി ബന്ധമില്ലാത്ത ആളായതു കൊണ്ടു തന്നെ അദ്ദേഹത്തെ ഈ അതിശയോക്തിപരമായ കാര്യമെഴുതിയതിനു ഞാന്‍ ഒരിക്കലും കുറ്റം പറയില്ല. (അതദ്ദേഹവുമായി ഇ-മെയിലില്‍ ചര്‍ച്ചചെയ്തതുമാണ്)

പക്ഷേ, ഈ മരുന്ന് ഒന്നു ട്രയല്‍ നടത്തി ഇഫക്റ്റും സൈഡ് ഇഫക്റ്റും ഉറപ്പിക്കാതെ തന്റെ രോഗികള്‍ക്ക് ശുപാര്‍ശ ചെയ്ത ആ സ്പെഷ്യലിസ്റ്റ് ഡോക്ടറുണ്ടല്ലോ - അദ്ദേഹത്തെ ശാസ്ത്രം പഠിപ്പിക്കാനുപയോഗിച്ച കാശ് സര്‍ക്കാരിനു പാഴാണ് എന്നു മാത്രം ഏറ്റവും സഭ്യമായ ഭാഷയില്‍ പറയാം.!

അവിടെത്തന്നെയാണ് പ്രശ്നങ്ങളുടെ കിടപ്പും. പ്ലേറ്റ് ലെറ്റുകളുടെ സിന്തസിസും, ഡെങ്കി-വൈറല്‍പനിയില്‍ അവ കുറയുന്നതിന്റെ മെക്കാനിസവും നോക്കുമ്പോള്‍ നമുക്കു പപ്പായ ഇലജ്യൂസ് act ചെയ്യുന്ന (അങ്ങനെയൊന്നുണ്ടെങ്കില്‍) ചില possible sites ഊഹിക്കാം. ഒറ്റ രാത്രിയില്‍ ഇത് സംഭാവ്യമോ ? ആണെങ്കില്‍ തന്നെ ഇത്രകണ്ട് കൌണ്ട് ഉയരുമോ ? ഇങ്ങനെ ഫാസ്റ്റ് ആക്ഷന്‍ വരുമ്പോള്‍ അതിന് സൈഡ് ഇഫക്റ്റ് ഉണ്ടാകില്ലേ ? ഇനി സൈഡ് ഇഫക്റ്റ് ഉണ്ടാകാതിരിക്കാനും വേണ്ടി ഡൈല്യൂട്ടായ മരുന്നാണ് നല്‍കിയതെങ്കില്‍ ഇത്ര ഫാസ്റ്റ് ആക്ഷന്‍ ഉണ്ടാകുമോ ?...ഇങ്ങനെയൊക്കെ സ്വാഭാവികമായും ആരും ചോദിക്കും. അതിനൊക്കെ തൃപ്തികരമായ ഒരു ഹൈപ്പോതെസിസ് എങ്കിലുമുണ്ടെങ്കിലേ ഇതിനെക്കുറിച്ച് റിസേര്‍ച്ച് ചെയ്യാന്‍ കൊള്ളാവുന്നിടങ്ങളില്‍ നിന്നു ഫണ്ടു കിട്ടൂ.

കുട്ടികളിലെ ഇഡിയോപ്പതിക് ത്രോമ്പോസൈറ്റോപ്പീനിക് പര്‍പ്പ്യൂറയിലും മറ്റും ഒന്നോരണ്ടോ ദിവസം കൊണ്ട് പ്ലേറ്റ് ലെറ്റ് കൌണ്ട് അല്പമെങ്കിലും ഉയര്‍ത്തി ബ്ലീഡിംഗ് തടയാന്‍ നാം സ്റ്റിറോയ്ഡ് ഉപയോഗിക്കും. എന്നു വച്ച് മലേറിയയില്‍ അതുപോലെ സ്റ്റിറോയിഡെടുത്ത് പ്രയോഗിച്ചാല്‍ ? സെപ്റ്റിസീമിയയില്‍ സ്റ്റീറോയ്ഡെടുത്തു പ്രയോഗിച്ചാല്‍ ?

ഇന്‍സുലിനെയും പപ്പായ ഒറ്റമൂലിയേയും കൂട്ടിക്കെട്ടുന്നതില്‍ അര്‍ത്ഥമില്ല. ഇന്‍സുലിന്‍ ഉപയോഗിക്കപ്പെടുന്ന രോഗാവ്സ്ഥകളിലെല്ലാം അതെങ്ങനെ ശരീരകോശങ്ങളില്‍ ഇടപെടുന്നു, എത്ര ഡോസ് വേണം, എത്ര ഡോസ് പാടില്ല തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞ്, മറ്റ് അനുബന്ധ ചികിത്സകളുടെ സഹായത്തോടെ തന്നെയാണ് നല്‍കുന്നത്. (ഉദാ: DKA യില്‍ Saline, Dextrose, KClതുടങ്ങിയവയുടെ അകമ്പടി) ഇവിടെ ഇന്‍സുലിന്‍ രോഗത്തിന്റെ ഏതവസ്ഥയ്ക്കു മാറ്റം വരുത്തും, പൊട്ടാഷ്യം എന്തു മാറ്റം വരുത്തും എന്നൊക്കെ objective ആയ അറിവുകളുണ്ട്.
എന്നാല്‍ ഡയബറ്റിസില്‍ രക്തത്തിലെ പഞ്ചസാര കൂടുമ്പോലെ ഋജുവായ ഒരു മെക്കാനിസത്തിലൂടെയാണോ ഡെങ്കിയിലും മലേറിയയിലുമെല്ലാം പ്ലേറ്റ് ലെറ്റ് കൌണ്ട് കുറയുന്നത് ? മജ്ജയില്‍ സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെ വിഭജിച്ചു പെരുകുന്ന പ്ലേറ്റ്ലെറ്റ് പോലുള്ള ഒരു കോശം അതുപോലെ സങ്കീര്‍ണ്ണമായ വഴികളിലൂടെയാണ് Dengue-യിലും Malaria-യിലും ITP-യിലും DIC-യിലുമൊക്കെ നശിപ്പിക്കപ്പെടുന്നത്. അപ്പോള്‍ ഇതിലെവിടെയെങ്കിലുമൊക്കെ സുമേഷ് ജി പറഞ്ഞപോലെയുള്ള ഒരു superfast ഒറ്റമൂലികയുടെ സാധ്യത എന്താണെന്ന് അങ്ങേയ്ക്കു തന്നെ ചിന്തിച്ചു നോക്കാം. (സുമേഷ് ജി ഡെങ്കിയ്ക്കു മാ‍ത്രമേ ഇതു suggest ചെയ്തിട്ടുള്ളൂ. ഇതുമായി ബന്ധപ്പെട്ട e-mailകളിലൊക്കെ കൂടുതല്‍ indications പറയുന്നുണ്ട്.)

പിന്നെ, ഈ ഒറ്റമൂലിയുടെ ഇന്റര്‍ നെറ്റ് ചരിത്രം ഒന്നു ചികഞ്ഞു നോക്കുമ്പോള്‍ ഇത് സ്പാമാവാനുള്ള സാധ്യത വളരെ കൂടുതലായും കണ്ടു.

ഇതൊന്നും ഞാന്‍ പറയുന്നത്, എല്ലാക്കാലവും രോഗികള്‍ ചെലവേറിയ ചികിത്സാ വിധികള്‍ തന്നെ സ്വീകരിച്ചുകൊള്ളണം എന്ന അര്‍ത്ഥത്തിലേയല്ല. മരുന്നുകള്‍ സയന്റിഫിക് ആയി തയാര്‍ ചെയ്യപ്പെടുമ്പോള്‍ Beta error-നെക്കാള്‍ കൂടുതല്‍ Alpha error-നാണല്ലോ നാം ശ്രദ്ധ കൊടുക്കുക. അതായത് സൈഡ് ഇഫക്റ്റ് പ്രൊഫൈല്‍ document ചെയ്യാതെയുള്ള കളി തീക്കളിയാണെന്ന സിമ്പിള്‍ തത്വം !

മറ്റൊന്ന്,
നിമിത്തശാത്രം, ദൂതലക്ഷണം എന്നിവയെക്കുറിച്ച് അങ്ങെഴുതിയത് വ്യക്തിനിഷ്ഠമായ കാര്യമാണ്.
അതു വസ്തുനിഷ്ഠമാകണമെങ്കില്‍ കടമ്പകളനവധി കടക്കേണ്ടതുണ്ട്.
ആയുര്‍വേദത്തെ അതു വികസിച്ചു വന്ന സാമൂഹിക സാംസ്കാരിക ചരിത്രത്തിന്റെ ചിത്രവുമായി ചേര്‍ത്തു വയ്ക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യം - അതു പലകാലഘട്ടങ്ങളിലേയും വൈദ്യന്മാരുടെ സിസ്റ്റമാറ്റിക് ആയ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ വളര്‍ന്നു വന്നതാണെന്നാണ്. അതില്‍ മതപരമായ‘വിശ്വാസ’ങ്ങളെ ചേര്‍ത്തത് അതിനെ മുരടിപ്പിക്കാനേ സഹായിച്ചിട്ടുള്ളൂ. ശല്യതന്ത്രത്തിലെ സര്‍ജ്ജറി യന്ത്രങ്ങള്‍ ശരീരത്തെക്കുറിച്ചുള്ള വിശ്വാസങ്ങളില്‍ നിന്നും രൂപകല്പന ചെയ്തതാവാന്‍ വഴിയില്ലല്ലോ. ജനപദോദ്ധംസനീയം പോലുള്ള ആധുനിക epidemiology-യോട് കിടപിടിക്കുന്ന നിരീക്ഷണങ്ങളൊക്കെ കാണിക്കുന്നത് അക്കാലത്തു നിലനിന്നിരുന്ന scientific attitude അല്ലേ ?

ആചാര്യന്‍ പറയുന്നത് അലംഘനീയമായ തത്വങ്ങളല്ല, അതിനാല്‍ അവയെ വിമര്‍ശനബുദ്ധ്യാ പഠിക്കുക എന്ന് ഉപദേശിച്ചവര്‍ dogma-യെ എത്രത്തോളം വെറുത്തിരുന്നുവെന്നതിന് ഗര്‍ഭോപനിഷത്തിലെയും ഗര്‍ഭാവക്രാന്തിയിലേയുമൊക്കെ ശിഷ്യരുടെ ചോദ്യം ചെയ്യലുകള്‍ പറഞ്ഞുതരും (ആത്രേയന്‍ ഭ്രൂണശാസ്ത്രത്തില്‍ ആവശ്യമില്ലാതെ ആത്മീയത കുത്തിച്ചെലുത്തുന്നതിനെ കുമാരശിര: ഭരദ്വാജന്‍ ഖണ്ഡിക്കുന്ന ഭാഗങ്ങള്‍ പോലെ എത്രയോ ഉദാഹരണമുണ്ട്)

അങ്ങ് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷചികിത്സയിലെ ദൂതലക്ഷണം ആയുര്‍വേദത്തിന്റെ ആ critical thinking-ന്റെ തന്നെ വെളിച്ചത്തില്‍ ഒരു ലിറ്റമസ് ടെസ്റ്റിനു വിധേയമാക്കി നോക്കൂ.
അഗദ തന്ത്രത്തെ ആസ്പദമാക്കി ആയുര്‍വേദ / പാരമ്പര്യ വിഷ ചികിത്സാ രീതികളെ “കോടശേരി മാര്‍ഗ്ഗം” എന്നപേരില്‍ Kerala Govt: Ayurveda Publication series-19 (1988) Ed: Dr.K.P Sreekumaari Amma, Professor, Ayurveda college TVM, വന്നിട്ടുള്ള ഗ്രന്ഥത്തില്‍ ദൂതസ്ഥിതി വിവരിക്കുന്നഥില്‍ ചില സാമ്പിളുകള്‍ ദാ:

"...(വിഷം തീണ്ടിയവനേയും കൊണ്ട്)വന്നവന്‍ വ്യഗ്രം പൂണ്ട് നോക്കിലും, ദണ്ഡോടു കയര്‍ കൈയ്യിലിരികുമ്പോഴും ദണ്ഡുകൊണ്ട് നിലത്തടിച്ചീടുകിലും, കാല്‍ കൊണ്ട് ഭൂമി കീറീടുകിലും, മൂരിനിവര്‍ന്ന് കൈ കുടഞ്ഞ് കായത്തെ നോക്കീടുകിലും, നവദ്വാരങ്ങള്‍ തൊട്ടീടുകിലും, ദു:ഖത്താല്‍ മരം ചാരിടുകിലും, മിഥുനത്തിലും മീനത്തിലും വൃശ്ചികത്തിലും നിന്ന് പറഞ്ഞവനെങ്കില്‍ തീരാവിഷം......
.....ചിത്തിര ചോതി മകം ആയില്യം തൃക്കേട്ട തിരുവോണം കാര്‍ത്തിക രോഹിണീ തിരുവാതിര വിശാഖം മൂലം പൂ‍രം പൂരാടം അശ്വതിയും ഈ നാളുകളില്‍ പാമ്പുകടിച്ചാല്‍ തീരാവിഷം....
..കിഴക്കും പടിഞ്ഞാറും പുരുഷനെന്നറിക, തെക്കും വടക്കുമാണെങ്കില്‍ സ്ത്രീയെന്നറിക...ഇങ്ങനെ പാമ്പു ആണും പെണ്ണുമെന്ന് ദിക്കുകൊണ്ട് അറിക "


" പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിക്കുന്ന രീതികളില്‍ ഒന്ന് :
വാലിനു മേല്‍പ്പോട്ട് നാലുവിരല്‍ ചെല്ലുന്നേടം പാമ്പിന്റെ ഗുദഭാഗം. അവിടം അടക്കിപ്പിടിച്ചാല്‍ അതിനു പിടിക്കുന്നവനെ ഇങ്ങോട്ടൊന്നും ചെയ്യാന്‍ കഴിയില്ല. അതു കൊണ്ട് അവിടവും കഴുത്തില്‍ ശ്വാസനാളത്തെയും അമര്‍ത്തി, തലയിലും രണ്ടു കൈ കൊണ്ടും അടക്കിപ്പിടിച്ചിട്ട് പാമ്പിനെ രോഗി കടിക്കണം. എന്നാല്‍ വിഷം അങ്ങോട്ടു തന്നെ പകര്‍ന്നു പോകും. അഥവാ ഇങ്ങോട്ടു കടിക്കയാണെങ്കില്‍ ഒരു കടി അധികമായി അങ്ങോട്ടും കൊടുത്താല്‍ മതിയാകും. "


പാമ്പും ചേരയും ഇണവ്ഹേര്‍ന്നുണ്ടാകുന്ന വ്യന്തരന്‍ (വേന്തിരന്‍/വ്യന്ദരന്‍/വേന്ത്രന്‍) എന്നൊരിനം പാമ്പുണ്ട്. 21 വിധത്തിലുള്ള വ്യന്തര വര്‍ഗ്ഗങ്ങളും പറയുന്നു. ഇതിനുള്ള അനേക വിഷ ചികിത്സകളില്‍ ഒന്ന് : “..അമുക്കുരം ചുക്ക് ചന്ദനം എന്നിവ സമം ചേര്‍ത്ത് മനുഷ്യ മൂത്രത്തിലരച്ച് കൊടുക്കുകയും തേയ്ക്കുകയും ചെയ്യുക. ”

"ഓരോ ആഴ്ച ദിവസവും പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് മുമ്പില്‍ കൊടുക്കേണ്ടുന്ന ഔഷധങ്ങള്‍ :
ഞായര്‍ - മരിചചൂര്‍ണ്ണം ഉരുക്കു നെയ്യില്‍; തിങ്കള്‍ - തിപ്പലി തേനില്‍; ചൊവ്വ - ഇന്തുപ്പ് മോരില്‍ ; ബുധന്‍ - പാടക്കിഴങ്ങരച്ചുണക്കിപ്പൊടിച്ച് പാലില്‍; വ്യാഴാഴ്ച - വെളുത്ത കുന്നിവേരിലരച്ച് പാലില്‍; വെള്ളി - ചുക്കും ത്പ്പലിയും പൊടിച്ച് തേനില്‍; ശനി - പൂപ്പാതിരി വേരരച്ച് പാലില്‍. ഇതില്‍ വിഷം സ്തംഭിക്കും. പിന്നെ കുറച്ചു കറ്റു ചാനകം തിന്നാന്‍ കൊടുക്കുക. "


കോടശ്ശേരി മാര്‍ഗ്ഗത്തിന്റെ ഓരോ പേജും ഇങ്ങനെയുള്ള ചികിത്സാ വിധികളാല്‍ സമ്പുഷ്ടമാണ്.
സ്കിന്‍ ഗ്രാഫ്റ്റിംഗ് ടെക്നിക്ക് ലോകത്തെ പഠിപ്പിച്ച ശുശ്രുതന്റെയും, വസൂരിക്കുരുക്കളുടെ ചെറിയ ഡീറ്റെയിലുകള്‍ പോലും നിരീക്ഷിച്ച് എഴുതിവച്ച ഭവ മിശ്രന്റെയും ശാസ്ത്രമാണ് ഇതും എന്ന് പറഞ്ഞാല്‍ അവരുപോലും വന്നു ചൂലെടുക്കും...തീര്‍ച്ച!

വീണ്ടുമൊരു അടിയുണ്ടാക്കാനല്ല ഇതൊന്നും പറഞ്ഞത് മാഷേ.
ആയുര്‍വേദത്തിലെ ശാസ്ത്രീയ വശങ്ങള്‍ ചര്‍ചയ്ക്കു വന്നാല്‍ ചാകും വരെ അതിനെ ഡിഫന്റ് ചെയ്യാന്‍ ഞാനുണ്ടാകും. പക്ഷേ അതിലെ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്രമാക്കാന്‍ ആരെങ്കിലും വന്നാല്‍ ചാകും വരെ എതിര്‍ക്കാനും ഞാനുണ്ടാകും. അത്രേയുള്ളൂ.

(പോസ്റ്റിനേക്കാള്‍ ന്നീണ്ട് കമന്റിട്ടതിനു വീണ്ടും ക്ഷമ ചോദിക്കുന്നു.)

2:26 AM  
Blogger മിനി പി സി said...

ഇതെന്താണിവിടെ ?

11:02 PM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ മിനി പേടിച്ചുപോയി അല്ലെ?
സാരമില്ല

ആയുർവേദം ആധുനികം തുടങ്ങി കുറെ അടീതട ചർച്ചകൾ ഉണ്ടായിരുന്നു 

അതിന്റെ ഒരു ശാഖയാണ് 

ഇതൊന്ന് മാത്രം  വായിച്ചാൽ ഒന്നും മനസിലായി എന്ന് വരില്ല :)

4:13 AM  

Post a Comment

<< Home